ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറില്‍ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ താന്‍ സംസാരിക്കില്ലെന്ന് ശശി തരൂര്‍. സംസാരിക്കാന്‍ താത്പര്യമില്ലെന്ന് തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
ഓപ്പറേഷന് സിന്ദൂറിനേക്കുറിച്ച് വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തെ നയിച്ച ശശി തരൂരുമായി ഭിന്നത നിലനിൽക്കെയാണ് ചർച്ചയിൽ സംസാരിക്കുന്നത് സംബന്ധിച്ച് തരൂരിനോട് പാർട്ടി നിലപാട് തേടിയത്.
പ്രതിപക്ഷ ആവശ്യം അംഗീകരിച്ച കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ന് ലോക്സഭയിലും നാളെ രാജ്യസഭയിലുമായി 16 മണിക്കൂർ വീതം ചർച്ചയാണ് തീരുമാനിച്ചത്. പഹൽഗാം ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ച, ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ ഇടപെട്ടെന്ന യു.എസ് അവകാശവാദം തുടങ്ങിയവ പ്രതിപക്ഷം ഉന്നയിക്കും. ലോക്സഭയിൽ രാഹുൽ ഗാന്ധിയും രാജ്യസഭയിൽ മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് ചർച്ചകൾക്ക് തുടക്കമിടും.